എൻട്രി പെർമിറ്റില്ലാതെ ഒമാനിലേക്ക് പ്രവേശനം: ഇന്ത്യ ഉൾപ്പടെ 27 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക നിബന്ധനകൾ

GCC News

ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാനുള്ള തീരുമാനത്തിൽ ഒമാൻ എയർപോർട്ട്സ് കൂടുതൽ വ്യക്തത നൽകി. ഒമാൻ എയർപോർട്ട്സ് ഡിസംബർ 16-ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് നൽകിയ ഔദ്യോഗിക കത്തിലാണ് ഇത് സംബന്ധിച്ച കൂടുതൽ നിർദ്ദേശങ്ങൾ പങ്ക് വെച്ചിട്ടുള്ളത്.

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശനങ്ങൾക്ക്, ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് ഡിസംബർ 9-ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് ഇന്ത്യ ഉൾപ്പടെ 27 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏതാനം പ്രത്യേക നിബന്ധനകൾ പ്രകാരമാണ് ഈ വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള ആനുകൂല്യം ഉപയോഗപ്പെടുത്താനാകുക.

ഇന്ത്യ ഉൾപ്പടെ 27 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് എൻട്രി പെർമിറ്റില്ലാതെ ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:

  • ജിസിസി രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവരോ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വർക്ക് വിസകളിലുള്ളവരോ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസകളിലുള്ളവരോ ആയ, ഒമാൻ പോലീസ് ആദ്യ ഘട്ടത്തിൽ പ്രസിദ്ധീകരിച്ച 103 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരായിട്ടുള്ളവർക്ക് ഈ ആനുകൂല്യം ഉപയോഗിച്ച് ഒമാനിലേക്ക് എൻട്രി പെർമിറ്റില്ലാതെ 10 ദിവസത്തെ വിനോദസഞ്ചാരത്തിനായി പ്രവേശിക്കാവുന്നതാണ്.
  • മുകളിൽ പറഞ്ഞിട്ടുള്ള വിഭാഗങ്ങളിൽ പെടാത്ത, താഴെ പറയുന്ന 27 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക്, യു എസ് എ, കാനഡ, ഓസ്ട്രേലിയ, യു കെ, ജപ്പാൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവയിലേതിലെങ്കിലും നിന്നുള്ള റസിഡൻസി അല്ലെങ്കിൽ എൻട്രി വിസ ഉണ്ടെങ്കിൽ ഒമാനിലേക്ക് എൻട്രി പെർമിറ്റില്ലാതെ 10 ദിവസത്തെ വിനോദസഞ്ചാരത്തിനായി പ്രവേശിക്കാവുന്നതാണ്.

താഴെ പറയുന്ന 27 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കാണ് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്:

1Albania
2Algeria
3Armenia
4Azerbaijan
5Botan
6Costa
7Egypt
8Guatemala
9Honduras El Salvador
10India
11Jordan
12Kyrgyzstan
13Laos
14Maldives
15Mauritania
16Mexico
17Morocco
18Panama
19Republic of Belarus
20Republic of Cuba
21Republic of Kazakhstan
22Republic of Nicaragua
23Rica
24Tunisia
25Turkmenistan
26Uzbekistan
27Vietnam

ഈ 25 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, മേൽപറഞ്ഞ നിബന്ധനകൾ പ്രകാരമല്ലാതെ പ്രവേശനം അനുവദിക്കില്ല. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു മാസത്തെയോ, ഒരു വർഷത്തെയോ ടൂറിസ്റ്റ് വിസകൾ ലഭിക്കുന്നതിന് മറ്റു തടസ്സങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ എൻട്രി പെർമിറ്റ് ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന വിനോദ സഞ്ചാരികൾക്കുള്ള പൊതുവായ മറ്റു നിർദ്ദേശങ്ങളും ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്:

  • എല്ലാ സഞ്ചാരികൾക്കും 6 മാസത്തിൽ കുറയാതെ സാധുതയുള്ള പാസ്സ്‌പോർട്ട് നിർബന്ധമാണ്.
  • തിരികെ മടങ്ങുന്നതിന് സാധുതയുള്ള വിമാന ടിക്കറ്റ് നിർബന്ധമാണ്.
  • ഒമാനിൽ താമസത്തിനായുള്ള ഹോട്ടൽ റിസർവേഷൻ നിർബന്ധമാണ്.
  • ഒമാനിൽ സാധുതയുള്ള അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
  • ഒമാനിൽ തങ്ങുന്ന കാലയളവിൽ ചെലവുകൾക്കാവശ്യമായ തുക സന്ദർശകരുടെ കൈവശം ഉണ്ടായിരിക്കണം.
  • പരമാവധി 10 ദിവസമാണ് ഇത്തരത്തിൽ ഒമാനിൽ തങ്ങാനാകുക. ഈ കാലാവധി നീട്ടി നൽകുന്നതല്ല.
  • പത്ത് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക്, പ്രതിദിനം 10 റിയാൽ വീതം പിഴ ചുമത്തുന്നതാണ്.
  • പത്ത് ദിവസത്തിൽ കൂടുതൽ ഒമാനിൽ തങ്ങാൻ ഉദ്ദേശിക്കുന്ന സഞ്ചാരികൾ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തരുത്. ഇവർ ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി സാധാരണ രീതിയിലുള്ള ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കേണ്ടതാണ്.
  • എൻട്രി പെർമിറ്റ് ഇളവ് അനുവദിച്ചിട്ടുള്ള 103 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ കൂടെ യാത്ര ചെയ്യുന്ന ഭാര്യ/ ഭർത്താവ്, കുട്ടികൾ എന്നിവർക്കും, അവർ ഈ 103 രാജ്യങ്ങളിലെ പൗരന്മാരല്ലെങ്കിലും, ഈ ഇളവ് ഉപയോഗിക്കാവുന്നതാണ്.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഒമാനിൽ പ്രവേശിക്കുന്നവർക്ക് അവർ ഒമാനിൽ തുടരുന്ന കാലാവധിയിൽ തൊഴിലെടുക്കാനോ, ഒമാനിലെ മറ്റു വിസകളിലേക്ക് മാറുന്നതിനോ അനുമതി ഉണ്ടായിരിക്കില്ല. മേൽ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമല്ലാതെ ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചയക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.