അൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ഫെബ്രുവരി 20-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അൽ ദാഖിലിയ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ വെച്ച് നടത്തുന്ന ഈ മേള 2023 ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നീണ്ട് നിൽക്കും. അൽ ദാഖിലിയ ഫെസ്റ്റിവലിന്റെ ഭാഗമായി പൈതൃക പരിപാടികൾ, വിനോദ പരിപാടികൾ, ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അൽ ദാഖിലിയ ഗവർണറേറ്റിലെ പുരാതന കൊട്ടകളുടെയും, കൊട്ടാരങ്ങളുടെയും, ചരിത്ര അവശേഷിപ്പുകളുടെയും, മനംമയക്കുന്ന പ്രകൃതിയുടെയും പശ്ചാത്തലത്തിൽ ഒരുക്കുന്ന പൈതൃകത്തിന്റെയും, അപൂര്‍വ്വതയുടെയും, മേഖലയിലെ അതുല്യമായ ടൂറിസം അനുഭവങ്ങളുടെയും ആഘോഷമാണ് ഈ മേളയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌ല വിലായത്തിലെ ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 2023 ഫെബ്രുവരി 23-ന് അൽ ദാഖിലിയ ഫെസ്റ്റിവലിന്റെ ആരംഭത്തോടൊപ്പം നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അൽ ദാഖിലിയ ഗവർണറേറ്റിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നത്. മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെയും, പുരാവസ്തു കേന്ദ്രങ്ങളെയും പൊതുസമൂഹത്തിന് മുൻപിൽ പരിചയപ്പെടുത്തുന്നതിനും, ഇവിടെയുള്ള ചെറുകിട ഇടത്തരം സംരംഭകരെയും, പ്രാദേശിക സമൂഹങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും മന്ത്രാലയം അൽ ദാഖിലിയ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നു.
ഈ പ്രദേശത്തെ പുരാതന കൊട്ടകളുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന ദൈനംദിന ജീവിതം സന്ദർശകർക്ക് മുൻപിൽ പുനരാവിഷ്കരിക്കുന്നതും, ഒമാനി മധുരപലഹാരങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയുന്നതും, ഒമാനി ബാർബിക്യു്, മണ്‍പാത്രനിർമ്മാണം എന്നിവ അടുത്തറിയുന്നതും ഉൾപ്പടെയുള്ള നിരവധി സവിശേഷമായ ടൂറിസം അനുഭവങ്ങൾ ഈ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ഒമാനി നാടോടികലാരൂപങ്ങൾ, അശ്വ, ഒട്ടക പ്രദർശനം, പരമ്പരാഗത ഒമാനി അങ്ങാടികൾ, കരകൗശലവസ്തുക്കളുടെ ചന്തകൾ, പാരാഗ്ലൈഡിങ്ങ്, കുട്ടികൾക്കും, മുതിർന്നവർക്കും ആസ്വദിക്കാവുന്ന വിനോദപരിപാടികൾ മുതലായവയും അൽ ദാഖിലിയ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്.
Cover Image: Oman MHT.