നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് തൊഴിലുടമയ്ക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. കൊറോണ വൈറസ് സാഹചര്യത്തിൽ ഉടലെടുത്തിട്ടുള്ള യാത്രാ വിലക്കുകളും, മറ്റു ബുദ്ധിമുട്ടുകളും മൂലം ഒമാനിന് പുറത്ത് കുടുങ്ങികിടക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഈ തീരുമാനം സഹായകമാകുന്നതാണ്.
2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇത്തരം തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴതുകകൾ ഒഴിവാക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 22-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകർക്ക് നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും, അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഏതാനം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഒമാനിലെ സ്വകാര്യ മേഖലയിൽ കൊറോണ വൈറസ് പശ്ചാത്തലത്തിൽ രൂപപ്പെട്ട പ്രതിസന്ധികൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഈ തീരുമാനത്തിന്റെ ഭാഗമായി ചെറുകിട ഇടത്തരം മേഖലയുമായി ബന്ധപ്പെട്ട് ഏതാനം ഇളവുകളും, പിഴതുകകൾ ഒഴിവാക്കുന്നതിനുള്ള തീരുമാനങ്ങളും സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.