പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ വ്യവസ്ഥകളും, തൊഴിൽ പദവികളും മാറ്റുന്നതിന് തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക സമയം അനുവദിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഡിസംബർ 1, ചൊവ്വാഴ്ച്ചയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2020 ഡിസംബർ 6 മുതൽ 2021 ജനുവരി 6 വരെയുള്ള കാലയളവിൽ തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ തൊഴിൽ പദവികൾ മാറ്റുന്നതിന് അനുമതി ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. പ്രവാസികൾക്ക് തൊഴിൽ മന്ത്രാലയം അനുമതി നിഷേധിച്ചിട്ടുള്ള തൊഴിലുകളിലുള്ള ജീവനക്കാരുടെ പദവി മറ്റു ജോലികളിലേക്ക് മാറ്റുന്നതിനും, മാറ്റുന്ന തൊഴിൽ പ്രകാരം ആവശ്യമായ ഭേദഗതികൾ തൊഴിൽ കരാറുകളിൽ വരുത്തുന്നതിനും ഈ കാലയളവ് തൊഴിലുടമകൾക്ക് ഉപയോഗിക്കാവുന്നതാണ്.
അംഗീകരിച്ചിട്ടുള്ള തൊഴിൽ കരാറുകളിൽ പുതിയ തൊഴിൽ പ്രകാരമുള്ള പുതുക്കിയ വേതന വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും തൊഴിലുടമകൾക്ക് അനുമതി ഉണ്ടായിരിക്കുന്നതാണ്. മന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയമായി പുതിയ പ്രവാസി ജീവനക്കാരെ ആവശ്യമെങ്കിൽ നിയമിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കാനും തൊഴിലുടമകൾക്ക് അനുമതി നൽകിയിട്ടുണ്ട്.