2021 മെയ് 8 മുതൽ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ വിലക്കിൽ നിന്ന് രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്ക് ഇളവ് നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. മെയ് 5-ന് രാത്രിയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്കും, വഴിയോര ഭക്ഷണശാലകൾക്കും തങ്ങളുടെ സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് പാർസൽ സേവനങ്ങൾ നൽകുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ നേരിട്ട് സ്വീകരിക്കുന്നതിനോ, ഭക്ഷണം വിളമ്പുന്നതിനോ അനുമതിയില്ല. രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി 2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി മെയ് 2-ന് പ്രഖ്യാപിച്ചിരുന്നു.
“റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്ക് 2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനും, ഡെലിവറി സേവനങ്ങൾ നൽകുന്നതിനും അനുമതിയുണ്ടായിരിക്കുന്നതാണ്. മെയ് 8 മുതൽ മെയ് 15 വരെ ഭക്ഷണശാലകളിൽ നിന്ന് ഡെലിവറി സേവനങ്ങൾക്ക് മാത്രമാണ് അനുവാദം.”, ഇത് സംബന്ധിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. പ്രത്യേക ലൈസൻസുകളുള്ള വഴിയോര ഭക്ഷണശാലകൾക്കും ഇതേ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരിക്കുന്നതാണ്.
ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണവിതരണത്തിനായി അംഗീകൃത ഡെലിവറി സ്ഥാപനങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇത്തരം അംഗീകൃത ഡെലിവറി സ്ഥാപനങ്ങളുമായി കരാറുകളില്ലാത്ത ഭക്ഷണശാലകൾക്ക് സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് കൊണ്ട് ഇത്തരം സേവനങ്ങൾ നൽകുന്നതിനായി അനുമതി ലഭിക്കുന്നതിന് അതാത് മുനിസിപ്പാലിറ്റികളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഓരോ ഡെലിവറി സ്ഥാപനങ്ങളുടെ ജീവനക്കാർക്കും അനുവദിക്കപ്പെട്ടിട്ടുള്ള മേഖലകളിൽ മാത്രമാണ് ഭക്ഷണം വിതരണം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. ഇവർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്ഥാപനത്തിന്റെ പേര്, ലൈസൻസ് വിവരങ്ങൾ, അനുവദിക്കപ്പെട്ടിട്ടുള്ള മേഖല സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഒരു സ്റ്റിക്കർ പതിക്കേണ്ടതാണ്.
രാജ്യത്തുടനീളം 2021 മെയ് 8 മുതൽ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ വിലക്കിൽ നിന്ന് ഏതാനം പ്രവർത്തനങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.