ഒമാൻ: ജൂൺ 24 മുതൽ ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി; കൂടുതൽ വാണിജ്യ മേഖലകളിൽ ഇളവുകൾ

Oman

ഒമാനിലെ ഷോപ്പിംഗ് മാളുകൾക്ക് ജൂൺ 24, ബുധനാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ സുപ്രീം കമ്മിറ്റി അനുവാദം നൽകി. ഏതാണ്ട് 3 മാസത്തോളമായി ഒമാനിലെ മാളുകൾ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് വ്യാപാര കേന്ദ്രങ്ങൾ തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം രാജ്യത്തെ കൂടുതൽ വാണിജ്യ മേഖലകളിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ഇന്ന് (ജൂൺ 24) മുതൽ സുപ്രീം കമ്മിറ്റി അനുവദിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി, തുറക്കുന്ന മാളുകളിലും, വ്യാപാര കേന്ദ്രങ്ങളിലും 60 വയസ്സിനു മുകളിൽ പ്രായമായവർക്കും, 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മാളുകളും, വ്യാപാര കേന്ദ്രങ്ങളും കൃത്യമായ ഇടവേളകളിൽ ശുചിയാക്കുകയും, അണുനശീകരണം ഉറപ്പാക്കുകയും വേണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. മാളുകളുടെ പ്രവേശന കവാടങ്ങളിലും, കടകളുടെ ബില്ലിംഗ് മേഖലകളിലും ഉപഭോക്താക്കൾക്ക് കൈകൾ ശുചിയാക്കുന്നതിനായി സാനിറ്റൈസറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെ പ്രാർത്ഥനാ മുറികൾ തുറക്കുന്നതിനു അനുവാദം ഉണ്ടായിരിക്കില്ല. മാളുകളിലെ പാർക്കിംഗ് മേഖലകളിൽ പരമാവധി ശേഷിയുടെ 50 ശതമാനം വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മാളുകൾക്ക് പുറമെ തയ്യൽ കടകൾ, അലക്കുശാലകൾ മുതലായവയ്ക്കും ജൂൺ 24 മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനങ്ങൾ, പെയിന്റ് കടകൾ, ഡ്രൈവിംഗ് സ്‌കൂൾ ഓഫീസുകൾ, മീഡിയ ആൻഡ് അഡ്വെർടൈസിങ് കമ്പനികൾ, എ സി റിപ്പയർ സ്ഥാപനങ്ങൾ തുടങ്ങി 55-ഓളം വാണിജ്യ പ്രവർത്തനങ്ങൾക്കാണ് സുപ്രീം കമ്മിറ്റി പുനരാരംഭിക്കുന്നതിനു അനുവാദം നൽകിയിട്ടുള്ളത്. മത്ര, സൊഹാർ, അൽ സുവൈഖ്, അൽ സീബ്, ഖുറിയത്, ഇബ്രി, അൽ അഷ്കര എന്നീ മേഖലകളിലെ മത്സ്യവിപണന കേന്ദ്രങ്ങൾക്കും തുറക്കുന്നതിനു അനുവാദം നൽകിയിട്ടുണ്ട്.