രാജ്യത്തെ സ്വദേശിവത്കരണം ഏർപ്പെടുത്തിയിട്ടുള്ള പട്ടികയിൽ ഭേദഗതി വരുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. 2024 സെപ്റ്റംബർ 1-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം 501/2024 എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവാസികൾ തൊഴിലെടുക്കുന്നതിന് ഒമാനിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള തൊഴിൽ പദവിയുടെ പട്ടികയിൽ എൻജിനീയർ, മാനേജർ തസ്തികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025 ജനുവരി 1 മുതൽ സിസ്റ്റംസ് അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റുവർക് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തൊഴിൽ പദവികളിൽ പടിപടിയായി സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2026 ജനുവരി 1 മുതൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, കമ്പ്യൂട്ടർ എൻജിനീയർ തുടങ്ങിയ പദവികളിലും, 2027 ജനുവരി 1 മുതൽ വെബ് ഡിസൈനർ, ഓപ്പറേഷൻസ് അനലിസ്റ്റ് പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.
മന്ത്രാലയം നേരത്തെ പുറത്തിറക്കിയ 235/2022 എന്ന ഉത്തരവിൽ മാറ്റങ്ങൾ വരുത്തിയാണ് കൂടുതൽ തൊഴിൽ പദവികൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള ഈ തീരുമാനം.
Cover Image: Pixabay.