ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ചതായി തൊഴിൽ മന്ത്രാലയം

Oman

രാജ്യത്ത് വിവിധ തൊഴിലുകളിലേക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസിന് ചുമത്തുന്ന ഫീസ് തുകകൾ കുറച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമാനിലെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കുറയ്ക്കാനുള്ള H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

COVID-19 മഹാമാരി മൂലം ഉടലെടുത്തിട്ടുള്ള പ്രതിസന്ധികളിൽ നിന്ന് ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായാണ് ഇത്തരം ഒരു തീരുമാനമെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാനം രാജ്യത്തെ സ്വകാര്യ മേഖലയിൽ കൂടുതൽ ഒമാൻ പൗരന്മാർക്ക് തൊഴിൽ നൽകുന്നതിന് സഹായകമാകുമെന്ന് ഒമാൻ തൊഴിൽ വകുപ്പിലെ അണ്ടർസെക്രട്ടറി ഷെയ്ഖ് നാസർ അമീർ അൽ ഹോസ്‌നി അറിയിച്ചു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം ഫീസ് ഇനങ്ങളിൽ ആകർഷകമായ ഇളവുകൾ അനുവദിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം ഫീസ് ഇനത്തിൽ 30 ശതമാനം ഇളവ് വരെ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താഴെ പറയുന്ന രീതിയിലാണ് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറയ്ക്കുന്നത്:

  • കാറ്റഗറി 1 – നിലവിൽ 301 റിയാൽ ഉള്ള ഫീസ് 211 റിയാലാക്കും.
  • കാറ്റഗറി 2 – നിലവിൽ 251 റിയാൽ ഉള്ള ഫീസ് 176 റിയാലാക്കും.
  • കാറ്റഗറി 3 – നിലവിൽ 201 റിയാൽ ഉള്ള ഫീസ് 141 റിയാലാക്കും.

ചെറുകിട ഇടത്തരം സ്ഥാപനങ്ങളിൽ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഫീസ് തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 1 മുതൽ 5 വരെ പ്രവാസികളെ നിയമിക്കുന്നതിന് 101 റിയാലും, 6 മുതൽ 10 വരെ പ്രവാസികളെ നിയമിക്കുന്നതിന് 151 റിയാലും ഫീസ് ഇനത്തിൽ ഈടാക്കുന്നതാണ്.