ഒമാൻ: ചെറുകിട ഇടത്തരം സംരംഭകർക്ക് പിന്തുണ നൽകുന്നതിനായി സുപ്രീം കമ്മിറ്റി ഏതാനം തീരുമാനങ്ങൾ പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകർക്ക് നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും, അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഏതാനം തീരുമാനങ്ങൾ ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്റ്റംബർ 22-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ സ്വകാര്യ മേഖലയിൽ കൊറോണ വൈറസ് പശ്ചാത്തലത്തിൽ രൂപപ്പെട്ട പ്രതിസന്ധികൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇത് പ്രകാരം, സ്വകാര്യ മേഖലയ്ക്ക് കരുത്ത് പകരുന്നതിനായി താഴെ പറയുന്ന തീരുമാനങ്ങളും, ഇളവുകളുമാണ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്:

  • 2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലൈസൻസ് കാലാവധി അവസാനിച്ചതോ, അവസാനിക്കുന്നതോ ആയിട്ടുള്ള പ്രവർത്തനങ്ങളുടെ ലൈസൻസ് പുതുക്കുകയാണെങ്കിൽ അവയുമായി ബന്ധപ്പെട്ടുള്ള പിഴതുകകൾ ഒഴിവാക്കുന്നതാണ്.
  • 2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്ന പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴതുകകൾ ഒഴിവാക്കുന്നതാണ്. ഈ തീരുമാനം ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുന്ന പ്രവാസി തൊഴിലാളികളുടെ പെർമിറ്റുകൾക്കും, കാലാവധി പുതുക്കുന്ന പെർമിറ്റുകൾക്കും ബാധകമാണ്.
  • സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസ്, അനുബന്ധ രേഖകൾ എന്നിവ സമയബന്ധിതമായി പുതുക്കാത്തതിന് ചുമത്തിയിട്ടുള്ള പിഴകൾ, ഇത്തരം രേഖകൾ 2021-ൽ പുതുക്കുകയാണെങ്കിൽ ഒഴിവാക്കുന്നതാണ്.
  • നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് ലൈസൻസുകൾ തൊഴിലുടമയ്ക്ക് പുതുക്കുന്നതിന് അനുമതി നൽകുന്നതാണ്. 2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴതുകകൾ ഒഴിവാക്കുന്നതാണ്.
  • ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ റിയാദ കാർഡ് പുതുക്കുന്നതിനുള്ള 2021 വർഷത്തിലെ ഫീ ഒഴിവാക്കി നൽകുന്നതാണ്.
  • ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച് കൂടുതൽ സാവകാശം അനുവദിക്കുന്നതിന് ബാങ്കുകളോട് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
  • ലോണുകൾ പ്രത്യേക ഫീ കൂടാതെ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം നൽകും.
  • ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് ടെണ്ടർ ബോർഡിന് കീഴിലുള്ള ഇസ്നാദ് സംവിധാനത്തിൽ രെജിസ്റ്റർ ചെയ്യുന്നതിനുള്ള തുക ഒഴിവാക്കും.
  • ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ കൈവശപ്പണയ വ്യവസ്ഥയിൽ എടുത്തിട്ടുള്ള സ്ഥലങ്ങളുമായി ബന്ധപ്പെട്ടുള്ള തിരിച്ചടവുകളുടെ കുടിശ്ശികകൾക്ക് കൂടുതൽ സമയം അനുവദിക്കും.