കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലും വീഴ്ചകൾ വരുത്തുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളെടുക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ ജൂലൈ 5, ഞായറാഴ്ച്ച അറിയിച്ചു. ജീവനക്കാരുടെയും, സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് 100 മുതൽ 500 റിയാൽ വരെ പിഴചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളനുസരിച്ച്, വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും തങ്ങൾക്ക് അധികാരമുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജൂലൈ 5 മുതൽ ഈ പിഴതുകകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
മിനിസ്ട്രി ഓഫ് മാൻപവർ അറിയിച്ചിട്ടുള്ള പുതിയ പിഴ തുകകൾ:
- ജീവനക്കാരുടെ താമസയിടങ്ങളിൽ മതിയായ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് 500 റിയാൽ പിഴ ചുമത്തും.
- താമസയിടങ്ങളിൽ, ജീവനക്കാരെ സംഘങ്ങളായി വേർതിരിക്കുന്നതിലും, ഓരോ സംഘത്തിനും പ്രത്യേക ടോയ്ലറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിലും വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ ചുമത്തുന്നതാണ്. ഭക്ഷണം വിളമ്പുന്ന ഇടങ്ങളിൽ ആളുകൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും നിർബന്ധമായും ഒരുക്കേണ്ടതാണ്.
- ജീവനക്കാരെ കൊണ്ടുപോകുന്ന വാഹങ്ങളിൽ, ഓരോ സീറ്റുകൾക്കിടയിലും, ഒരു സീറ്റ് വീതം കാലിയാക്കി ഇടുന്നതിൽ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ ചുമത്തുന്നതാണ്.
- ജീവനക്കാരുടെ താമസയിടങ്ങളിൽ പരിധിയിൽ കവിഞ്ഞ് ആളുകളെ താമസിപ്പിക്കുകയോ, ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ അത്തരം സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ ചുമത്തുന്നതാണ്.