ഒമാൻ: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ മടങ്ങിയെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

GCC News

ജനുവരി 17, ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ മടങ്ങിയെത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ജനുവരി 13-ന് പുറത്തിറക്കിയ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിലൂടെ (#5/2021) സമ്മിശ്ര പഠനപദ്ധതി നടപ്പിലാക്കുന്നതും, വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ തീരുമാന പ്രകാരം, ജനുവരി 17, ഞായറാഴ്ച്ച മുതൽ ഒന്ന്, നാല്, അഞ്ച്, ഒമ്പത്, പതിനൊന്ന് എന്നീ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നേരിട്ടെത്താവുന്നതാണ്. ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് പടിപടിയായി വിദ്യാലയങ്ങളിലെത്താൻ അനുമതി നൽകാൻ ജനുവരി 12-ന് നടന്ന യോഗത്തിൽ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. സുപ്രീം കമ്മിറ്റിയുടെ ഈ തീരുമാനത്തിന്റെ തുടർച്ചയായാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച നടപടികൾ പ്രഖ്യാപിച്ചത്.

“വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ 1,4,5,9,11 ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കുന്നതാണ്.”, മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഇതിന്റെ അടുത്ത ഘട്ടത്തിൽ, മറ്റു ഗ്രേഡുകളിലെ വിദ്യാർത്ഥികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പിന്നീട് അറിയിപ്പ് നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, വിദ്യാലയ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവൻ മുൻകരുതൽ നിർദ്ദേശങ്ങളും വിദ്യാലയങ്ങളിൽ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു.