ഒമാൻ: ആസ്ട്രസെനെക COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി

Oman

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആസ്ട്രസെനെക വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന്, ബൂസ്റ്റർ ഡോസ് എന്ന നിലയിൽ, അനുമതി നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് ആസ്ട്രസെനെക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്കാണ് ഈ അനുമതി നൽകിയിരിക്കുന്നത്. ഇവർക്ക് ആസ്ട്രസെനെക COVID-19 വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്.

നിലവിൽ ഒമാൻ ആരോഗ്യ മന്ത്രാലയം ഫൈസർ വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകിവരുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോൾ ആസ്ട്രസെനെക COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി നൽകിയിരിക്കുന്നത്.

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരന്മാർ, പ്രവാസികൾ തുടങ്ങി മുഴുവൻ പേരും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്ന് സുപ്രീം കമ്മിറ്റി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഒമാനിലെ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു ആഹ്വാനം നടത്തിയത്.