2021 നവംബർ 28 മുതൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. നവംബർ 27-നാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്.
നവംബർ 28, ഞായറാഴ്ച്ച രാവിലെ 8 മണിമുതൽ ഈ വിലക്ക് പ്രാബല്യത്തിൽ വരുന്നതാണ്. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.
ഈ തീരുമാന പ്രകാരം, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള യാത്രാവിമാന സർവീസുകൾക്കാണ് താത്‌കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. ഈ വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.
ഒമാൻ പൗരന്മാർ, ഒമാനിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇവർക്ക് ഒമാനിൽ പ്രവേശിച്ച ശേഷം PCR ടെസ്റ്റ്, 7 ദിവസത്തെ ക്വാറന്റീൻ എന്നിവ നിർബന്ധമാണ്.
ബഹ്‌റൈൻ, യു എ ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രവേശന വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.