ഒമാൻ: ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി

GCC News

രാജ്യത്ത് ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച് കൊണ്ട് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഈ തീരുമാന പ്രകാരം ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങൾ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കർശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ തീരുമാനം മറികടക്കുന്നവർക്ക് 1000 റിയാൽ പിഴ (നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ) ചുമത്തുന്നതാണ്. ഈ നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ഉപകരണങ്ങൾ (ഇലക്ട്രോണിക് സിഗരറ്റുകൾ, ഇ-ഹുക്കകൾ, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ) നശിപ്പിച്ച് കളയുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.