ഗൾഫ് കപ്പ്: ഒമാൻ – യെമൻ (3 – 2)

Oman

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യെമനെ പരാജയപ്പെടുത്തി.

കോരിച്ചൊരിയുന്ന മഴയിലാണ് മത്സരം നടന്നത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ യെമൻ ഗോൾകീപ്പർ അലി ഫാദി അബ്ബാസ് അഹമദ് വരുത്തിയ പിഴവിൽ നിന്ന് ഒമാൻ ലീഡ് നേടി.

ഒമാന് വേണ്ടി അലി അൽ കാബി എടുത്ത കോർണർ തടയുന്നതിൽ പിഴവ് വരുത്തിയ യെമൻ ഗോളി സെൽഫ്‌-ഗോൾ വഴങ്ങുകയായിരുന്നു.

Source: @OmanFA.

എന്നാൽ പന്ത്രണ്ടാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ യെമൻ തങ്ങളുടെ സമനില ഗോൾ നേടി. അബ്ദുൽവസി അൽ മത്താരിയാണ് യെമന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തത്.

മുപ്പതാം മിനിറ്റിൽ ഒമർ അൽ ദാഹി ഒരു ലോങ്ങ് റേഞ്ചർ ഷോട്ടിലൂടെ യെമന്റെ ലീഡ് ഉയർത്തി. എന്നാൽ മുപ്പത്തേഴാം മിനിറ്റിൽ അർഷാദ് അൽ അലാവി നേടിയ ഗോളിലൂടെ ഒമാൻ സമനില പിടിച്ചു.

ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിൽ ഒമാന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും അർഷാദ് അൽ അലാവിയ്ക്ക് ലക്ഷ്യം കണ്ടെത്താനായില്ല. എന്നാൽ രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഇസ്സാം അൽ സബ്‌ഹി (47′) ഒരു ഡൈവിംഗ് ഹെഡ്ഡറിലൂടെ ഒമാന്റെ വിജയഗോൾ നേടി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മത്സരത്തിൽ സമനില നേടുന്നതിനുള്ള സുവർണ്ണാവസരം യെമൻ പാഴാക്കി. മുഹമ്മദ് അബ്ദുല്ല അൽ ദാഹി (90+5′) എടുത്ത പെനാൽറ്റി കിക്ക് ഗോളി തടഞ്ഞതോടെ ഒമാൻ മത്സരത്തിൽ മൂന്ന് പോയിന്റ് ഉറപ്പാക്കി.

Cover Image: @OmanFA.