ഒമാൻ: COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 നവംബർ 7, ഞായറാഴ്ച്ച മുതൽക്കാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഫൈസർ ബയോഎൻടെക് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയത്.

രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ട് മാസം പൂർത്തിയാക്കിയ താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്കാണ് ഒമാനിൽ ബൂസ്റ്റർ ഡോസിന് മുൻഗണന നിശ്ചയിച്ചിരിക്കുന്നത്:

  • 65 വയസിന് മുകളിൽ പ്രായമുള്ളവർ.
  • അമ്പത് വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രവർത്തകർ.
  • പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ. ഗുരുതരമായ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, കിഡ്‌നി രോഗങ്ങൾ, ലിവർ സംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കാണ് ഈ വിഭാഗത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്.

ഇതിന് പുറമെ, ക്യാൻസർ ചികിത്സ തേടുന്നവർ, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, HIV ബാധിതർ, രോഗപ്രതിരോധ ശേഷിയെബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് സ്വീകരിച്ച് 3 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് അർഹത നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.