ഒമാനിലെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടത്തിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരമാർക്കും, പ്രവാസികൾക്കുമാണ് കുത്തിവെപ്പ് നൽകുന്നത്.
രാജ്യത്തുടനീളമുള്ള ഗവർണറേറ്റുകളിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഈ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന ആരോഗ്യമുള്ളവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഒരു പോലെ ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നതാണ്.
നാലാഴ്ച്ചത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. എന്നാൽ നേരത്തെ ഫൈസർ വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർക്കുള്ള ഫൈസർ വാക്സിൻ രണ്ടാം ഡോസ് ലഭ്യമാക്കുന്നത് സംബന്ധിച്ച തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
ഫെബ്രുവരി 7 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ വകുപ്പുകൾ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
ഇംഗ്ലണ്ടിലെ കാംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ആസ്ട്രസെനേക്ക ബ്രിട്ടീഷ്-സ്വീഡിഷ് സംയുക്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ ഈ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. സൗഹൃദ രാജ്യങ്ങളിലേക്ക് COVID-19 വാക്സിൻ വിതരണം ചെയ്യുന്ന ഇന്ത്യൻ സർക്കാരിന്റെ വാക്സിന് മൈത്രി പദ്ധതിയുടെ കീഴിൽ ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തിയിരുന്നു.