രാജ്യത്തെ COVID-19 വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ ജനുവരി 17 മുതൽ ഒമാനിൽ ആരംഭിച്ചു. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിച്ചുള്ള കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഒമാനിൽ 2020 ഡിസംബർ 27 മുതൽ ആരംഭിച്ചിരുന്നു.
ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് മുഹമ്മദ് അൽ സഈദി ബൗഷർ പോളിക്ലിനിക്കിൽ നിന്ന് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു. ഇതുവരെ ആരിലും വാക്സിൻ സ്വീകരിച്ചതിന്റെ ഭാഗമായി പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുത്തിവെപ്പ് സ്വീകരിച്ച ശേഷം വ്യക്തമാക്കി.
രണ്ട് തവണയായി നൽകുന്ന COVID-19 വാക്സിൻ കുത്തിവെപ്പിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള 3 മുതൽ 4 ആഴ്ച്ച വരെയാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനുകളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ മൂലം ഒമാനിൽ പലരും വാക്സിനേഷനിൽ നിന്ന് വിട്ടുനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം വാക്സിൻ സുരക്ഷിതമാണെന്ന് ആവർത്തിച്ചു.
പ്രമേഹം, കിഡ്നി പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള 65 വയസ്സിനു മുകളിൽ പ്രായമായവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, കഠിനമായ ആസ്തമ ഉള്ളവർ, ILD പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, ICU ജീവനക്കാർ, COVID-19 വാർഡുകളിലെ ജീവനക്കാർ, പ്രമേഹമുള്ള ജീവനക്കാർ, നാല്പതോ അതിനു മുകളിലോ BMI ഉള്ള ജീവനക്കാർ, ഡയാലിസിസ് ചെയ്യുന്ന ജീവനക്കാർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഒമാനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ മുൻഗണന നൽകിയിട്ടുള്ളത്. ഇത്തരക്കാർക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇവർ പ്രത്യേക അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും, ഓരോ ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവർത്തന സമയങ്ങളിൽ നേരിട്ടെത്തി വാക്സിനേഷനിൽ പങ്കെടുക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.