ഒമാൻ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി; OCEC വാക്സിനേഷൻ കേന്ദ്രത്തിന്റെ സമയക്രമത്തിൽ മാറ്റം

GCC News

ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു. 2021 ജൂൺ 20, ഞായറാഴ്ച്ച രാവിലെ മുതലാണ് രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, പൗരന്മാർ എന്നിവർക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങിയത്.

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനസമയക്രമങ്ങളിൽ മാറ്റം വരുത്തി

ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഒമാൻ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനസമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ പ്രവർത്തന സമയപ്രകാരം, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 മണിവരെയാണ് വാക്സിൻ നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഈ കേന്ദ്രത്തിൽ നിന്ന് രാവിലെ 9 മുതൽ വൈകീട്ട് 4 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.

ഖുറിയത്തിലെ സഹേൽ ഹെൽത്ത് സെന്ററിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെ വാക്സിൻ നൽകുന്നതാണ്. രാത്രികാല നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, ജൂൺ 20 മുതൽ ആരംഭിക്കാനിരുന്ന ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ മാറ്റിവെക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇതിനായി മുൻ‌കൂർ അനുമതികൾ നേടുന്നതിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ജൂൺ 17 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. https://covid19.moh.gov.om/ എന്ന വിലാസത്തിൽ ഈ ഓൺലൈൻ ബുക്കിംഗ് സംവിധാനം ലഭ്യമാണ്. ‘Tarassud Plus’ ആപ്പിലൂടെയും ബുക്കിംഗ് നേടാവുന്നതാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവരോട് വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നതിന് മുൻപായി ഈ ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.