ഇന്ത്യ – ഒമാൻ എയർ ബബിൾ: 11 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ; പ്രതിവാരം 10000 യാത്രികർക്ക് അനുമതി

GCC News

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ താത്കാലികമായി പുനരാരംഭിക്കുന്നതിനായുള്ള ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് പുറത്തിറക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക എയർ ബബിൾ കരാർ നിലവിൽ വന്നതായും, ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതാണെന്നും CAA അറിയിപ്പിലൂടെ വ്യക്തമാക്കി.

ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ പുനരാരംഭിക്കുന്നതിനായി ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിൽ ഏർപ്പെടാൻ ധാരണയായതായി ഒമാനിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഈ ധാരണയുടെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ 11 നഗരങ്ങളിലേക്കും, തിരികെയും സർവ്വീസുകൾ നടത്തുന്നതാണെന്ന് CAA അറിയിച്ചിട്ടുണ്ട്. ഓരോ വിമാനകമ്പനികൾക്കും പ്രതിവാരം 2 സർവീസുകൾക്ക് വീതമാണ് അനുമതിയെന്നും, ഇരു രാജ്യങ്ങളിലേക്കും ആഴ്ച്ചതോറും പരമാവധി 10000 യാത്രികർക്കാണ് ഇപ്രകാരം യാത്രാനുമതിയെന്നും CAA വ്യക്തമാക്കിയിട്ടുണ്ട്.

ഈ കരാർ നവംബർ അവസാനം വരെ തുടരുന്നതാണ്. കർശനമായ COVID-19 പ്രതിരോധ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇരു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, റെസിഡൻസി വിസകളിലുള്ളവർക്കും യാത്രാനുമതി നൽകുന്നതെന്നും CAA കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രകളിൽ നിലവിൽ യാത്രചെയ്യാൻ അനുവാദമുള്ളവർ:

  • ഒമാൻ പൗരന്മാർ.
  • സാധുതയുള്ള ഒമാൻ റെസിഡൻസി വിസയുള്ള ഇന്ത്യൻ പൗരന്മാർ. ട്രാൻസിറ്റ് യാത്രകൾ അനുവദനീയമല്ല എന്നും, ഒമാനിലേക്ക് മാത്രമുള്ള യാത്രികർക്കാണ് അനുവാദമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകളിൽ നിലവിൽ യാത്രചെയ്യാൻ അനുവാദമുള്ളവർ:

  • ഒമാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ.
  • ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുള്ള ഒമാൻ പാസ്സ്‌പോർട്ട് ഉള്ളവർ.
  • ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ഒമാൻ പൗരന്മാർ (നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ).