ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുമെന്ന് CAA

GCC News

വിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, രാജ്യത്തെത്തിയ ശേഷമുള്ള, നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഒമാനിലെ സർക്കാർ, സ്വകാര്യ, അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യയനവിഭാഗം ജീവനക്കാർക്ക് ഈ ഇളവ് ലഭ്യമാണ്.

2021 ഓഗസ്റ്റ് 1-ന് രാത്രിയാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് നൽകിയതായും CAA വ്യക്തമാക്കി. ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.

ഓഗസ്റ്റ് 2 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇവർക്ക് ഹോം ക്വാറന്റീൻ നടപടികൾ നിർബന്ധമാണ്. ഇതിന് പുറമെ, ഇവർക്ക് ക്വാറന്റീൻ കാലാവധിയിൽ കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണവും നിർബന്ധമാക്കിയിട്ടുണ്ട്.