നവംബർ 11 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് നെഗറ്റീവ് COVID-19 PCR റിസൾട്ട് നിർബന്ധമാണെന്ന് ഒമാൻ വ്യോമയാന വകുപ്പ്

GCC News

നവംബർ 11 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 96 മണിക്കൂറിനുള്ളിൽ നേടിയ നെഗറ്റീവ് COVID-19 PCR റിസൾട്ട് നിർബന്ധമാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഉത്തരവ് ഇറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 5, വ്യാഴാഴ്‌ച്ചയാണ്‌ ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് ഒമാനിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾക്ക് CAA നൽകിയത്.

ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള നവംബർ 1-ലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് CAA ഈ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ഒമാനിലേക്ക് യാത്രചെയ്യുന്ന മുഴുവൻ യാത്രികർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപായി, 96 മണിക്കൂറിനുള്ളിൽ നേടിയ COVID-19 PCR പരിശോധനാ ഫലങ്ങൾ നിർബന്ധമാണെന്ന് ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 1-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഈ പരിശോധനാ ഫലങ്ങൾ അംഗീകൃത ലാബുകൾ സാക്ഷ്യപ്പെടുത്തിയവയാകണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിലേക്ക് യാത്ര ചെയ്യുന്നവരുമായി ബന്ധപ്പെട്ട് CAA വിമാനകമ്പനികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:

  • COVID-19 PCR പരിശോധനാ ഫലങ്ങളുമായി രാജ്യത്ത് പ്രവേശിക്കുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. 7 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം, എട്ടാം ദിവസം ഒരു തവണ കൂടി PCR ടെസ്റ്റ് നടത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എട്ടാം ദിവസം PCR പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.
  • 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് COVID-19 PCR പരിശോധനകളിലും, കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
  • ഒമാനിലെ നയതന്ത്ര കാര്യാലയങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്കും, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര പ്രതിനിധികൾക്കും COVID-19 മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതാണ്.

ഈ തീരുമാനങ്ങൾ നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുമെന്നും, ഇവ നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും CAA വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.