ഒമാൻ: ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി

GCC News

രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2026 മാർച്ച് 3-ന് പുലർച്ചെയാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ ഡ്രോണുകൾ, ആളില്ലാവിമാനങ്ങൾ, ഗ്ലൈഡറുകൾ, സ്പോർട്സ് എയർക്രാഫ്റ്റുകൾ മുതലായവയുടെ പ്രവർത്തനം നിരോധിച്ചതായും, ഇവ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റുകൾ താത്‌കാലികമായി റദ്ദ് ചെയ്തതായും CAA അറിയിച്ചിട്ടുണ്ട്. ഈ നിരോധനം ഉടനടി പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും CAA കൂട്ടിച്ചേർത്തു.

ഒമാൻ വ്യോമാതിർത്തിയുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സർക്കാർ, വാണിജ്യ, വിനോദ ഡ്രോൺ പ്രവർത്തനങ്ങൾ ഇതോടെ പൂർണ്ണമായും നിർത്തിവെച്ചിട്ടുണ്ട്. വ്യോമയാന മേഖലയിലെ കായികമത്സരങ്ങൾ, മറ്റു പരിപാടികൾ എന്നിവയ്ക്കും ഈ വിലക്ക് ബാധകമാകുന്നതാണ്.

ഈ നിരോധനം 2026 മാർച്ച് 3, ചൊവാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ബാധകമായിരിക്കും. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.