ഒമാനിലെക്കുള്ള വ്യോമയാന യാത്രികർക്ക് യാത്രപുറപ്പെടുന്നതിനു മുൻപുള്ള COVID-19 PCR ടെസ്റ്റ് ഒഴിവാക്കി

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യോമയാന യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയിരുന്ന തീരുമാനം പിൻവലിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 10, വ്യാഴാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രത്യേക പത്ര സമ്മേളനത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഡോ.സൈഫ് അൽ അബ്‌രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കരമാർഗ്ഗമുള്ള അതിർത്തികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നവർക്ക്, യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാന യാത്രികർക്ക് മാത്രമാണ് യാത്ര പുറപ്പെടുന്നതിനു മുൻപുള്ള PCR റിസൾട്ട് ഒഴിവാക്കി നൽകിയിട്ടുള്ളത്. മുഴുവൻ വ്യോമയാന യാത്രികർക്കും ഒമാനിലെ വിമാനത്താവളങ്ങളിൽ വെച്ച് COVID-19 PCR ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 11 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 96 മണിക്കൂറിനുള്ളിൽ നേടിയ നെഗറ്റീവ് COVID-19 PCR റിസൾട്ട് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നിർബന്ധമാക്കിയിട്ടുണ്ടായിരുന്നു.

“ഒമാനിലേക്ക് വ്യോമമാർഗ്ഗം പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും വിമാനത്താവളത്തിൽ വെച്ചുള്ള കൊറോണാ വൈറസ് പരിശോധന നടത്തുന്നതാണ്. ഇവർക്ക് രാജ്യത്ത് പ്രവേശിച്ച് എട്ടാം നാൾ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.”, ഡോ.സൈഫ് അൽ അബ്‌രി പത്രസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ഒമാനിലേക്ക് സർവീസ് നടത്തുന്ന ഏതാനം വിമാന കമ്പനികൾ യാത്ര പുറപ്പെടുന്നതിന് മുൻപുള്ള PCR ടെസ്റ്റുകൾ അവരുടെ സുരക്ഷയുടെ ഭാഗമായി നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവ സംബന്ധിച്ച വിവരങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തിൽ അതാത് വിമാന കമ്പനികളിൽ നിന്ന് ലഭിക്കുന്നതാണ്.

ഒമാനിലേക്കുള്ള യാത്രികർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് എൻട്രി പെർമിറ്റുകൾ കൂടാതെ 10 ദിവസത്തെ സന്ദർശനങ്ങൾക്കായി ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായും, ഇത് പ്രാബല്യത്തിൽ വന്നതായും പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അലി അൽ സുലൈമാനി, ഇതേ പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.