ഒമാൻ: വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി

Oman

രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബാങ്ക് ഇടപാടുകളുടെയും, ബാങ്ക് അറിയിപ്പുകളുടെയും രൂപത്തിൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ സെൻട്രൽ ബാങ്ക് (CBO) മുന്നറിയിപ്പ് നൽകി. ഒമാനിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളിലെ, ജീവനക്കാരിൽ നിന്നുള്ള സന്ദേശങ്ങൾ എന്ന രൂപത്തിൽ ലഭിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ളതാണെന്നും, പൊതുജനങ്ങൾ ഇവയിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധപുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾ ഒരു കാരണവശാലും തുറക്കരുതെന്നും ഒമാൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. “ഇത്തരം വ്യാജസന്ദേശങ്ങൾക്ക് മറുപടികൾ നൽകുകയോ, അവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകൾ തുറക്കുകയോ ചെയ്യരുത്. നിങ്ങളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന വെബ്സൈറ്റുകളിലേക്ക് നിങ്ങളെ നയിക്കാനും, അത്തരം പ്രവർത്തികൾ നടപ്പിലാക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും ഇത് കാരണമാകാം.”, സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ വാട്സ്ആപ്പ്, മറ്റു സമൂഹ മാധ്യമങ്ങൾ മുതലായവയിലൂടെ തങ്ങളുടെ ഉപഭോക്താക്കളുമായി ഇടപാടുകൾക്കായി ബന്ധപ്പെടില്ലെന്നറിയിച്ച അധികൃതർ, ജനങ്ങളോട് സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിർദ്ദേശം നൽകി. ടെലിഫോൺ, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ ഒരിക്കലും സ്വകാര്യ വിവരങ്ങളോ, ബാങ്കിങ്ങ് വിവരങ്ങളോ പങ്കുവെക്കരുതെന്നും CBO കൂട്ടിച്ചേർത്തു.