മഴയ്ക്ക് ശേഷം ഉണ്ടാകുന്ന നീർച്ചാലുകളിലും, ജലാശയങ്ങളിലും നീന്താനിറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അൽ ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിൽ ഒരു നീര്‍ച്ചാലിലെ കുളത്തിൽ ഒരു ഒമാൻ പൗരനും, മകളും മുങ്ങിമരിക്കാനിടയായ സാഹചര്യത്തിലാണ് CDAA ഇത്തരം ജലാശയങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. വാദികളിൽ മഴയ്ക്ക് ശേഷം രൂപപ്പെടുന്ന ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്ന് CDAA ഒമാനിലെ പൗരന്മാരോടും, പ്രവാസികളോടും നിർദ്ദേശിച്ചിട്ടുണ്ട്.
ടൂറിസം മേഖലകളിലും, ബീച്ചുകളിലുമെത്തുന്ന സന്ദർശകർ തങ്ങളുടെ ഒപ്പമുള്ള കുട്ടികൾ നീന്താനിറങ്ങുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും CDAA ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടുകൾ, കുളങ്ങൾ, ബീച്ച്, വാദി, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താനും CDAA നിർദ്ദേശിച്ചിട്ടുണ്ട്.
അടിയന്തിര ഘട്ടങ്ങളിൽ 9999 എന്ന നമ്പറിൽ CDAA-യുമായി ബന്ധപ്പെടാവുന്നതാണ്.