ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഏർപ്പെടുത്തുന്ന ലോക്ക്ഡൌണുമായി ബന്ധപ്പെട്ട്, സുപ്രീം കമ്മിറ്റി കൂടുതൽ വ്യക്തത നൽകി. ജൂലൈ 22-നു വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഈ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകിയത്. ഇത് പ്രകാരം, ഗവർണറേറ്റുകൾ തമ്മിലുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂലൈ 25-നു വൈകീട്ട് 7 മണി മുതൽ നിലവിൽ വരും. ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ ദിനവും, വൈകീട്ട് 7 മുതൽ രാവിലെ 6 വരെ, ഓരോ ഗവർണറേറ്റുകൾക്കുള്ളിലും യാത്രകളും, വാണിജ്യ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു. ദിനവും വൈകീട്ട് 7 മുതൽ രാവിലെ 6 വരെ പൊതു ഇടങ്ങളും, വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുന്നതാണ്.
രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ജൂലൈ 21-നു അറിയിച്ചിരുന്നു. ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ചെക്ക്പോയിന്റുകളും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഒമാനിലെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്നത്തെ (ജൂലൈ 23) സുപ്രീം കമ്മിറ്റി യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.