ഒമാൻ: കര അതിർത്തികൾ ജനുവരി 18 മുതൽ ഒരാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു

GCC News

2021 ജനുവരി 18, തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ജനുവരി 17-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ജനുവരി 18-ന് വൈകീട്ട് 6.00 മണി മുതൽക്കാണ് ഒമാൻ കര അതിർത്തികൾ അടച്ചിടുന്നതെന്ന് സുപ്രീം കമ്മിറ്റിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു. അതിവേഗം പകരുന്ന COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള ആരോഗ്യ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഈ തീരുമാനമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യങ്ങൾ സുപ്രീം കമ്മിറ്റി നിരീക്ഷിച്ച് വരുന്നതായും, ആവശ്യമെങ്കിൽ അതിർത്തികൾ അടയ്ക്കാനുള്ള തീരുമാനം നീട്ടുമെന്നും അധികൃതർ വ്യക്തമാക്കി. യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് 2020 ഡിസംബർ 22 മുതൽ ഡിസംബർ 29 വരെ ഒരാഴ്ച്ചത്തേക്ക് ഒമാൻ വ്യോമ അതിർത്തികൾ ഉൾപ്പടെ മുഴുവൻ രാജ്യാതിർത്തികളും അടച്ചിരുന്നു.

Cover Image