COVID-19 വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം

GCC News

യു കെയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി 5, ചൊവ്വാഴ്ച്ച വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

ഇദ്ദേഹത്തിൽ നിന്ന് വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും കൈക്കൊണ്ടതായി അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ യാത്രികന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമായി തുടരുന്നതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹം നിലവിൽ ഐസൊലേഷനിലാണെന്നും, ഇത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കുന്നു.

യാത്ര പുറപ്പെടുന്നതിന് മുൻപും, ഒമാനിലെത്തിയ ശേഷവും നടത്തിയ COVID-19 പരിശോധനകളിൽ ഇദ്ദേഹത്തിന്റെ റിസൾട്ട് നെഗറ്റീവ് ആയിരുന്നെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും അടിയന്തിര ആവശ്യങ്ങൾക്കൊഴികെയുള്ള വിദേശയാത്രകൾ ഒഴിവാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷനിൽ പങ്കെടുക്കുന്നതിനായി മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലുള്ളവരോട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.