COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതാണ്ട് ഒരു വർഷത്തിന് മേലെയായി അടഞ്ഞ് കിടന്നിരുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന്റെ (OCEC) പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് OCEC-യിൽ എല്ലാ തരത്തിലുള്ള അന്താരാഷ്ട്ര, പ്രാദേശിക പരിപാടികളും, ചടങ്ങുകളും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി OCEC സി ഇ ഓ എൻജിനീയർ സൈദ് അൽ ഷൻഫാരി അറിയിച്ചു.
രാജ്യത്തെ വിവാഹ ഹാളുകൾ, എക്സിബിഷനുകൾ മുതലായവ പുനരാരംഭിക്കാൻ അനുവദിച്ച് കൊണ്ട് സുപ്രീം കമ്മിറ്റി കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് OCEC പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്. പരമാവധി ശേഷിയുടെ 30 ശതമാനം അതിഥികൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിലാണ് ഇത്തരം ഇടങ്ങൾ തുറക്കാൻ സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്.
“ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന മുഴുവൻ ചടങ്ങുകളിലും പങ്കെടുക്കുന്ന അതിഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ഞങ്ങൾ കൈക്കൊള്ളുന്നതാണ്. അതിഥികൾക്ക് മാസ്കുകൾ, സമൂഹ അകലം മുതലായ മുഴുവൻ സുരക്ഷാ നിബന്ധനകളും നിർബന്ധമായിരിക്കും. സന്ദർഭകർക്ക് ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമായിരിക്കും പ്രവേശനം നൽകുന്നത്.”, എൻജിനീയർ ഷൻഫാരി വ്യക്തമാക്കി.