ഒമാൻ: മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്താൻ തീരുമാനം

Oman

ഒക്ടോബർ 1 മുതൽ രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക് 50 ശതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. പഞ്ചസാരയോ, അല്ലെങ്കിൽ മറ്റു പ്രകൃതിദത്തമായതോ, അല്ലാത്തതോ ആയ മധുരം നൽകുന്ന പദാർത്ഥങ്ങൾ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും ഈ നികുതി ബാധകമായിരിക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി ചെയർമാൻ സുൽത്താൻ അൽ ഹബ്സി ജൂൺ 18, വ്യാഴാഴ്ച്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശത്തിനു മന്ത്രിസഭായോഗം അംഗീകാരം നൽകിയതിനെത്തുടർന്നാണ് ഈ തീരുമാനം.

കാനുകളിലും, കുപ്പികളിലും ലഭ്യമാകുന്ന മധുര പാനീയങ്ങൾ, പഴച്ചാറുകൾ, എനർജി ഡ്രിങ്കുകൾ മുതലായവയ്ക്ക് ഈ തീരുവ ബാധകമാകുന്നതാണ്. ഇത്തരം പാനീയങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കുറക്കിയ രൂപത്തിലുള്ള സത്തുകൾ, പൊടികൾ, ജെൽ മുതലായവയും ഈ തീരുവയുടെ കീഴിൽ പെടുത്തുന്നതാണ്.

100% പ്രകൃതിദത്തമായ പഴച്ചാറുകൾ, പാൽ, 75%-ത്തിനു മുകളിൽ പാൽ അടങ്ങിയ പാനീയങ്ങൾ, ലബാൻ എന്നിവയ്ക്ക് ഈ നികുതി ബാധകമല്ല. ചികിത്സയുടെ ഭാഗമായുള്ള പാനീയങ്ങൾ, പോഷക മൂല്യമടങ്ങിയ പാനീയങ്ങൾ, പഥ്യാഹാരപരമായ പാനീയങ്ങൾ മുതലായവയെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.