COVID-19 പശ്ചാത്തലത്തിൽ മത്ര വിലായത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഇന്നത്തെ (ജൂൺ 4, 2020) കൊറോണാ വൈറസ് അവലോകന പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി അറിയിച്ചത്. ഈ തീരുമാനപ്രകാരം ജൂൺ 6, ശനിയാഴ്ച്ച മുതൽ മത്രയിലെ മിക്കയിടങ്ങളിലെയും നിയന്ത്രണങ്ങൾ ഒഴിവാക്കും.
“മത്രയുടെ മിക്കയിടങ്ങളും തുറന്നു കൊടുക്കുന്നതിനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്, എന്നാൽ ഏതാനം ഭാഗങ്ങളിൽ ആരോഗ്യ സുരക്ഷ മുൻനിർത്തി നിയന്ത്രണങ്ങൾ തുടരും”, ഡോ. അൽ സൈദി വ്യക്തമാക്കി. മത്ര സൂക്ക്, പഴയ മത്ര, അൽ ഹംരിയ, വാദി കബിർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.
ഈ മേഖലകളിൽ നിലവിൽ രോഗബാധ കൂടുതലായി കാണപ്പെടുന്നതിനാലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. എന്നാൽ അടുത്ത രണ്ടാഴ്ച്ചയ്ക്കിടെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനങ്ങളിൽ മാറ്റം വരാവുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.