ഒമാനിൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാൻ തീരുമാനം. ഒമാനിലെ പ്രവാസി ജീവനക്കാർക്ക് തൊഴിലിടങ്ങൾ മാറുന്നതിന്, നിലവിലുള്ള തൊഴിലുടമയിൽ നിന്നുള്ള NOC ആവശ്യമാണ്. ഈ പുതിയ തീരുമാന പ്രകാരം, നിലവിലുള്ള ജോലിയിലെ കോൺട്രാക്ട് കാലാവധി അവസാനിച്ച പ്രവാസികൾക്ക്, ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ ഉപയോഗിച്ച് കൊണ്ട്, മറ്റൊരു സ്ഥാപനത്തിലേക്ക് മാറാവുന്നതാണ്.
NOC ഒഴിവാക്കുന്നതിനായി, ആർട്ടിക്കിൾ 24-ൽ ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ട് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസ് ലഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മൊഹ്‌സിൻ അൽ ശരിഖി ഉത്തരവ് പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷം, 2021, ജനുവരി 1 മുതലാണ് ഈ തീരുമാനം നടപ്പിലായിത്തുടങ്ങുക.
ഇത് നടപ്പിലാകുന്നതോടെ, പ്രവാസികൾക്ക് നിലവിലുള്ള സ്ഥാപനവുമായുള്ള തൊഴിൽ കരാർ കാലാവധി അവസാനിച്ചു എന്നതിന്റെ രേഖകൾ മാത്രമായിരിക്കും പുതിയ സ്ഥാപനത്തിലേക്ക് മാറുന്നതിനായി ആവശ്യമായി വരിക. നിലവിലെ നിയമമനുസരിച്ച്, സ്ഥാപനം മാറുന്നതിനു തൊഴിലുടമ NOC നിഷേധിച്ച പ്രവാസികൾക്ക് അതേ സ്ഥാപനങ്ങളിൽ തുടരുകയോ, അല്ലെങ്കിൽ 2 വർഷത്തെ തൊഴിൽ വിലക്കോടെ ഒമാനിൽ നിന്ന് മടങ്ങുകയോ ചെയ്യണമായിരുന്നു. പുതിയ തീരുമാനത്തോടെ, തൊഴിൽ കരാർപ്രകാരമുള്ള കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ഒമാനിൽ മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറുന്നതിനുള്ള അവസരം ലഭിക്കും.