രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ ചികിത്സകൾക്കായി, പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ജൂലൈ 5-നാണ് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ സൈദി, 200 പേർക്ക് ചികിത്സാ സൗകര്യങ്ങൾ നൽകാൻ കഴിയുന്ന ഫീൽഡ് ഹോസ്പിറ്റലിന്റെ നിർമ്മാണത്തെ സംബന്ധിച്ച തീരുമാനങ്ങൾ അറിയിച്ചത്.
ഒമാനിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന COVID-19 കേസുകൾ കണക്കിലെടുത്താണ് ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന താത്കാലിക ഹോസ്പിറ്റലിന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ ആശുപത്രിയുടെ നിർമ്മാണ ചുമതലകൾ വഹിക്കുന്ന സംഘത്തിന് മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്.
രാജ്യത്തെ ഹോസ്പിറ്റലുകൾ നിലവിലെ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനു സജ്ജമാണെന്ന് അൽ സൈദി കൂട്ടിച്ചേർത്തു. എന്നാൽ രാജ്യവ്യാപകമായി ഐ സി യു സംവിധാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ചിന്തിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. ഗുരുതരമല്ലാത്ത രോഗികളുടെ ചികിത്സകൾക്കായി മസ്കറ്റിൽ 300 പേർക്ക് സേവനം നൽകാവുന്ന മറ്റൊരു ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കുന്നതിനുള്ള പദ്ധതിക്കും മന്ത്രാലയം രൂപം നല്കിവരുന്നുണ്ടെന്നും അൽ സൈദി വ്യക്തമാക്കി.