ഒമാൻ: റമദാനിലെ ആദ്യ ദിനം ഏപ്രിൽ 14-ന്; ബുധനാഴ്ച്ച മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തും

GCC News

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2021 ഏപ്രിൽ 14, ബുധനാഴ്ച്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു. ഏപ്രിൽ 12, തിങ്കളാഴ്ച്ച മാസപ്പിറവി ദൃശ്യമായതിന്റെ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്നാണ് അധികൃതർ ഏപ്രിൽ 14-നായിരിക്കും റമദാൻ ഒന്ന് എന്ന് പ്രഖ്യാപിച്ചത്.

https://twitter.com/meraoman/status/1381628387643564035

തിങ്കളാഴ്ച്ച രാത്രിയാണ് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റമദാൻ ഒന്ന് മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഏപ്രിൽ 14, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ദിനവും രാത്രി 9 മുതൽ രാവിലെ 4 മണിവരെയാണ് സുപ്രീം കമ്മിറ്റി റമദാനിൽ യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. റമദാൻ മാസത്തിൽ ദിനവും രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 4 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ലെന്നാണ് ഏപ്രിൽ 5-ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, റമദാൻ ഒന്ന് മുതൽ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഏതാനം പ്രവർത്തന മേഖലകളെ ഒഴിവാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 12-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. താഴെ പറയുന്ന പ്രവർത്തനങ്ങൾക്കാണ് റമദാനിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ വേളയിൽ ഇളവ് അനുവദിക്കുന്നത്.

  • മൂന്ന് ടൺ ഭാരമുള്ള ട്രക്കുകൾ.
  • അനുമതിയുള്ള ഫാർമസികൾ.
  • ആരോഗ്യ മേഖലയിലും, മീഡിയയിലും തൊഴിലെടുക്കുന്നവർ. ഇവർക്ക് പ്രത്യേക പെർമിറ്റ് ആവശ്യമാണ്.