COVID-19 ചികിത്സാ കേന്ദ്രം അടച്ചതായുള്ള റിപ്പോർട്ടുകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

Oman

രാജ്യത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ചികിത്സാ വിഭാഗം അടച്ച് പൂട്ടിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സർക്കാർ. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്ന ഇത്തരം ഒരു വാർത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) വ്യക്തമാക്കി.

നവംബർ 8-നാണ് GC ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഈ വാർത്ത കെട്ടിച്ചമച്ചതാണെന്നും, വാർത്തയിൽ പറയുന്ന സർക്കാർ ആശുപത്രിയിലെ COVID-19 ചികിത്സാ വിഭാഗം ഇപ്പോഴും പ്രവർത്തിക്കുന്നതായും GC അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

“ഒമാനിലെ ഒരു സർക്കാർ ഹോസ്പിറ്റലിലെ COVID-19 ചികിത്സാ വിഭാഗം അടച്ച് പൂട്ടിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമായതും, കെട്ടിച്ചമച്ചതുമാണ്. ഈ ഹോസ്പിറ്റലിലും, രാജ്യത്തെ മറ്റു ഹോസ്പിറ്റലുകളിലും COVID-19 ചികിത്സാ വിഭാഗങ്ങൾ തടസ്സങ്ങളില്ലാതെ പ്രവർത്തിച്ച് വരുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ഇപ്പോഴും രോഗബാധിതർക്ക് ആവശ്യമായ ചികിത്സാ സേവനങ്ങൾ നൽകുന്നുണ്ട്.”, GC ട്വിറ്ററിലൂടെ അറിയിച്ചു.