അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഒമാൻ വ്യക്തമാക്കി. 2020-2021 അധ്യയന വർഷം ആരംഭിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി സർക്കാർ അറിയിപ്പുകൾ ഒന്നും നടത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഒമാനിലെ 2020-2021 അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന അറിയിപ്പുകൾ വ്യാജമാണെന്നും, ഇത്തരം വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കാനും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) ജനങ്ങളെ അറിയിച്ചു.
“ഒമാനിലെ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന തീയ്യതികൾ പ്രഖ്യാപിക്കുന്ന രൂപത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണ്. ഇത്തരം ഊഹാപോഹങ്ങൾ ഔദ്യോഗിക അറിയിപ്പായി കണക്കാക്കരുത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന തീയ്യതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി അറിയിപ്പുകൾ ഒന്നും നടത്തിയിട്ടില്ല. ഇവ കൃത്യ സമയത്ത് അധികൃതർ അറിയിക്കുന്നതായിരിക്കും.”, മറിച്ചുള്ള വാർത്തകൾ തള്ളിക്കൊണ്ട് GC ട്വിറ്ററിലൂടെ അറിയിച്ചു.
2020-2021 അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാലയങ്ങളിലെ ജീവനക്കാർ, പൊതു സമൂഹത്തിലെ മറ്റുള്ളവർ എന്നിവരെ പങ്കെടുപ്പിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിലെ അധ്യയന രീതികളെക്കുറിച്ചും, ഓൺലൈൻ പഠന സംവിധാനങ്ങളുടെ പ്രായോഗികതയെക്കുറിച്ചും മറ്റും വിദ്യാഭ്യാസ മന്ത്രാലയം അവലോകനം ചെയ്തുവരികയാണ്.