പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ചുള്ള ബോധവത്‌കരണ പരിപാടികൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി തുടരുന്നു

GCC News

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനായുള്ള ബോധവത്‌കരണ പ്രവർത്തനങ്ങൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയുടെ കീഴിൽ തുടരുന്നു. ഇതിന്റെ ഭാഗമായി നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളിലും, ഉപഭോക്താക്കൾക്കിടയിലും എൻവിറോണ്മെന്റ് അതോറിറ്റി പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്തു.

ജനുവരി 25, തിങ്കളാഴ്ച്ച രാവിലെയാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബോധവത്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിച്ചത്. പൊതുസമൂഹത്തിനിടയിൽ ഇത്തരം പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് അതോറിറ്റി ഈ പരിപാടി നടപ്പിലാക്കിയത്.

“പൊതുജനങ്ങൾക്കിടയിൽ വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള പരിസ്ഥിതി സൗഹൃദ ബാഗുകൾക്ക് പ്രചാരം നൽകുന്നതിനായി നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ മാർക്കറ്റുകളിലും, വാണിജ്യ സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കൾക്ക് ഇത്തരം പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്തു.”, ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

2021 ജനുവരി 1 മുതൽ ഒമാനിൽ നടപ്പിലാക്കിയിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ തുടർച്ചയായാണ് ഈ ബോധവത്കരണ പ്രവർത്തനങ്ങൾ. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകൾ ജനുവരി 1 മുതൽ നിരോധിച്ചിട്ടുള്ളത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ, ക്യാൻവാസ്, കോട്ടൺ മുതലായവയാൽ നിർമ്മിതമായ പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ അതോറിറ്റി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്ക് 100 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതാണ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തപ്പെടാവുന്നതാണ്. ഒമാനിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും, പ്രകൃതിക്കും, ജീവജാലങ്ങൾക്കും ഒരു പോലെ ദോഷകരമായ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും ഈ തീരുമാനത്തിലൂടെ എൻവിറോണ്മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നു.

നേരത്തെ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അൽ ദാഖിലിയ ഗവർണറേറ്റിലും ഇത്തരത്തിലുള്ള പ്രത്യേക ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

Photo: @ea_oman