ഒമാൻ: സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് സൗജന്യമായി അനുവദിച്ചിരുന്ന ഏതാനം ചികിത്സകൾ പിൻവലിച്ചു

GCC News

രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് ഏതാനം രോഗങ്ങൾക്കുള്ള ചികിത്സകളും, ശസ്ത്രക്രിയകളും സൗജന്യമായി അനുവദിച്ചിരുന്ന തീരുമാനം പിൻവലിക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഡിസംബർ 13, ഞായറാഴ്ച്ചയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ സിവിൽ സർവീസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തികൊണ്ടുള്ള ഈ തീരുമാനം തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബിൻ അലി ബഒവൈനാണ് പ്രഖ്യാപിച്ചത്. ഇതോടെ സർക്കാർ ജീവനക്കാരായ പ്രവാസികൾക്ക് സൗജന്യമായി ലഭിച്ചിരുന്ന ഏതാനം ചികിത്സകളും, ശസ്ത്രക്രിയകളും ഇല്ലാതാകുന്നതാണ്. മുഴുവൻ സമയ സർക്കാർ ജീവനക്കാരും, കരാറടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ എല്ലാ പ്രവാസി ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്.

ഇത് സംബന്ധമായ ‘327/2020’ എന്ന ഔദ്യോഗിക തീരുമാനം തൊഴിൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ തീരുമാനപ്രകാരം പ്രവാസി ജീവനക്കാർക്ക് സൗജന്യ ചികിത്സ ഒഴിവാക്കുന്ന രോഗങ്ങളും, ശസ്ത്രക്രിയകളും മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

  • അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ.
  • ഓപ്പൺ ഹാർട്ട് സർജറി.
  • കാൻസർ ട്യൂമർ ചികിത്സകൾ.
  • എല്ലാ തരത്തിലുള്ള കരൾവീക്ക രോഗങ്ങളും.
  • വന്ധ്യത
  • കാൻസർ സംബന്ധമായ രക്ത രോഗങ്ങൾ.
  • ഹീമോ ഡയാലിസിസ്.
  • കൃത്രിമ അവയവ ചികിത്സകൾ.
  • വിവിധ ആസക്തികൾക്കുള്ള ചികിത്സകൾ.
  • ശ്വാസകോശപരമായ രോഗങ്ങൾ.
  • മൾട്ടിപ്പിൾ സ്ക്ളീറോസിസ്.
  • മുഖക്കുരു.
  • ADHD ചികിത്സകൾ.
  • സ്കിസോഫ്രീനിയ
  • അല്‍ഷിമേഷ്‌സ്‌
  • ദന്തരോഗ ചികിത്സകൾ

താഴെ പറയുന്ന മരുന്നുകളും ലഭിച്ചിരുന്ന സേവനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:

  • സന്ധിവാതം, സോറിയാസിസ് എന്നിവയുടെ മരുന്നുകൾ.
  • ആസ്തമ മരുന്നുകൾ.
  • റെറ്റിനോപതി മരുന്നുകൾ.
  • പ്രമേഹത്തിനുള്ള ഇൻസുലിൻ.
  • കിഡ്‌നി സംബന്ധ രോഗങ്ങൾക്കുള്ള ഡയാലിസിസിനു മുൻപ് നൽകുന്ന മരുന്നുകൾ.