ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 ഏപ്രിൽ 24 മുതൽ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
ഈ വിലക്കുകൾ തുടരുമെന്നാണ് മെയ് 4-ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്കുകൾ തുടരുന്നതാണ്.
ഇതോടൊപ്പം മെയ് 7 മുതൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരം മെയ് 7 രാവിലെ 9 മണി മുതൽ ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സുഡാൻ, ലെബനൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗിനി, സിയറ ലിയോൺ, എത്യോപ്യ, യു കെ എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.