ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി

GCC News

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും, തൊഴിലുടമകൾക്കും കൂടുതൽ സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബർ 26-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഇത്തരം രേഖകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് 2022 ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ 2021 ഡിസംബർ 31 വരെയാണ് പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് മന്ത്രാലയം സമയമനുവദിച്ചിരുന്നത്.

“സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചിട്ടുള്ള നടപടിക്രമങ്ങളിൽ സർക്കാർ ഏതാനം ഇളവുകൾ പ്രഖ്യാപിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നത് പൂർത്തിയാക്കാൻ 2022 ജനുവരി 31 വരെ അധികസമയം അനുവദിച്ചിരിക്കുന്നു.”, മന്ത്രാലയം ഡിസംബർ 26-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.