ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ജൂലൈ 3 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 17 വരെ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. ജൂൺ 30, ചൊവ്വാഴ്ച്ച ആഭ്യന്തര മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നടന്ന COVID-19 പ്രതിരോധ നടപടികളെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിലാണ് ഈ മേഖലയിലെ നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്.
ഈ ചർച്ചയിൽ, ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളെക്കുറിച്ചും, നിലവിലെ കൊറോണ വൈറസ് സ്ഥിതികളെക്കുറിച്ചും വിശകലനം ചെയ്ത ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനത്തിലെത്തിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്ക് ജൂൺ 13 മുതൽ ജൂലൈ 3 വരെ പൊതുജനങ്ങൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി ജൂൺ 9-നു തീരുമാനിച്ചിരുന്നു. മസിറ, ജബൽ അക്തർ, ജബൽ ഷംസ്, ധോഫർ ഗവർണറേറ്റ് എന്നിടങ്ങളിലാണ് ഈ തീരുമാനപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഒമാനിലെ വേനൽക്കാല വിനോദസഞ്ചാര ദിനങ്ങൾ ആരംഭിക്കുന്നതും, അന്നത്തെ COVID-19 വ്യാപനത്തിന്റെ സാഹചര്യവും വിലയിരുത്തിയ ശേഷം, അനിയന്ത്രിതമായ തിരക്കുകൾ ഒഴിവാക്കുന്നതിനും, രോഗവ്യാപനം തടയുന്നതിനുമായാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം നടപ്പിലാക്കിയത്. ധോഫർ ഗവർണറേറ്റിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ആയിരിക്കും നടപ്പിലാക്കുക എന്നും, ഈ കാലയളവിൽ മേഖലയിലേക്കും, തിരിച്ചും പ്രവേശനം അനുവദിക്കില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി പിന്നീട് അറിയിക്കുകയുണ്ടായി. ജൂലൈ 3 വരെ ഏർപ്പെടുത്തിയിരുന്ന ഈ നിയന്ത്രണങ്ങളാണ് ഇപ്പോൾ ജൂലൈ 17 വരെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്.