ഒമാൻ: ടൂറിസ്റ്റ് വിസ കാലാവധി മാർച്ച് 2021 വരെ നീട്ടാൻ തീരുമാനം

Family & Lifestyle GCC News

ഒമാനിൽ മാർച്ച് 2020 മുതൽ ഓഗസ്റ്റ് 2020 വരെയുള്ള കാലാവധിയിലേക്ക് നൽകിയിരുന്ന ടൂറിസ്റ്റ് വിസകളുടെ സാധുത മാർച്ച് 2021 വരെ നീട്ടിനൽകാൻ തീരുമാനിച്ചു. ജൂൺ 11, വ്യാഴാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ് ഒമാൻ ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അൽ മെഹ്‌റാസി ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചത്. മാർച്ച് 1, 2020 മുതൽ ഓഗസ്റ്റ് 31, 2020 വരെയുള്ള കാലയളവിലേക്ക് അനുവദിച്ച, എന്നാൽ രാജ്യത്ത് ഇതുവരെ പ്രവേശിക്കുന്നതിന് ഉപയോഗിക്കാത്ത, ടൂറിസ്റ്റ് വിസകൾക്ക് ഈ തീരുമാനത്തോടെ മാർച്ച് 2021 വരെ സാധുതയുണ്ടായിരിക്കും.

ടൂറിസം രംഗത്തെ പല സ്ഥാപനങ്ങൾക്കും, ധാരാളം യാത്രികർക്കും ഇത്തരത്തിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചിരുന്നെങ്കിലും, COVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകളെത്തുടർന്ന് അവ ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടായതിനാൽ, വിസകളുടെ കാലാവധി നീട്ടിനൽകാൻ റോയൽ ഒമാൻ പോലീസും, ധനകാര്യ വകുപ്പും ചേർന്ന് തീരുമാനിക്കുകയായിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. കൊറോണാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിലക്കുകൾ മൂലം യാത്രകൾ മാറ്റിവെക്കേണ്ടി വന്നവർക്ക് ടൂറിസ്റ്റ് വിസകൾ നീട്ടിനൽകുന്നതിലൂടെ, യാത്രാ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വരുന്നതിനനുസരിച്ച് ഒമാനിലേക്കുള്ള യാത്രകൾ പുനക്രമീകരിക്കാൻ സാധിക്കും.