പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച പഠനങ്ങൾക്കായി പ്രത്യേക സംഘത്തെ രുപീകരിച്ചതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു. രാജ്യത്തെ സഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഇത് സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള ചുമതല ഇവരെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സുപ്രീം കമ്മിറ്റിയുടെ പത്ര സമ്മേളനത്തിലാണ് ഡോ. അൽ സൈദി ഇക്കാര്യം അറിയിച്ചത്. സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച് റോയൽ ഒമാൻ പോലീസുമായി നിരന്തരം ആശയങ്ങൾ പങ്കവെക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും, മറ്റു പഠനങ്ങൾക്കുമായി സുപ്രീം കമ്മിറ്റിയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിക്കുന്ന ഒരു സാങ്കേതിക വിദഗ്ധരുടെ സംഘം രൂപീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ വിസകൾ അനുവദിക്കാൻ ആരംഭിക്കുന്ന തീയ്യതികൾ സംബന്ധിച്ച് വിവരങ്ങളൊന്നും നിലവിൽ ലഭിച്ചിട്ടില്ല.
കൊറോണ വൈറസ് സാഹചര്യത്തെ തുടർന്ന് പുതിയ വിസകൾ അനുവദിക്കുന്നത് ഒമാൻ താത്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്. സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് മാത്രമാണ് ഒമാൻ നിലവിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.