ഒമാൻ: 5% VAT പ്രാബല്യത്തിൽ വന്നു; റെസിഡൻഷ്യൽ കെട്ടിടങ്ങളെ VAT പരിധിയിൽ നിന്ന് ഒഴിവാക്കി

GCC News

2021 ഏപ്രിൽ 16, വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ ഒമാനിൽ ഇളവനുവദിച്ചിട്ടുള്ള ഏതാനം മേഖലകളിലൊഴികെ, മറ്റെല്ലാ സേവനങ്ങൾക്കും, സാധനങ്ങൾക്കും ഏർപ്പെടുത്തുന്ന 5% മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വന്നു. ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 16 മുതൽ രാജ്യത്ത് 5% VAT നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലയിൽ VAT നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമാണ് ഒമാൻ. മേഖലയിൽ യു എ ഇ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും VAT നടപ്പിലാക്കിയിട്ടുണ്ട്. സൗദി അറേബ്യ കഴിഞ്ഞ വർഷം VAT നിരക്ക് 5 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയിരുന്നു.

‘121/2020’ എന്ന രാജകീയ ഉത്തരവ് പ്രകാരമാണ് ഒമാനിൽ VAT പ്രാബല്യത്തിൽ വന്നത്. ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ ഏതാണ്ട് 1.5% VAT നടപ്പിലാക്കുന്നതിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ ടാക്സ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. നികുതിയിനത്തിൽ പ്രതിവർഷം 400 ദശലക്ഷം റിയാൽ പിരിച്ചെടുക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ 16 മുതൽ രാജ്യത്ത് ഏതാനം സേവനങ്ങൾക്കും, സാധനങ്ങൾക്കും ഒഴികെ മറ്റു സേവനങ്ങൾക്കെല്ലാം 5 ശതമാനം VAT ബാധകമാകുന്നതാണ്. ഇളവ് നൽകിയിട്ടുള്ള ഏതാനം മേഖലകളിലൊഴികെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കും ഈ നികുതി ബാധകമാണ്.

അവശ്യ ഭക്ഷണ സാധനങ്ങൾ, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളെ VAT നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 ജനുവരിയിൽ ഒമാൻ ടാക്സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 94 അടിസ്ഥാന ഭക്ഷണ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയതായി സൂചിപ്പിച്ചിരുന്നു. ഈ പട്ടികയിലേക്ക് 488 ഭക്ഷണസാധനങ്ങളെ അധികൃതർ പിന്നീട് ഉൾപ്പെടുത്തിയിരുന്നു.

പാൽ, ക്ഷീരോല്‍പന്നങ്ങള്‍, മാംസം, മീൻ, മുട്ട, കോഴി, താറാവ്, പഴം, പച്ചക്കറി, കാപ്പി, ചായ, പഞ്ചസാര, ഒലിവ് എണ്ണ, ബ്രഡ്, കുപ്പിയിൽ ലഭിക്കുന്ന കുടിവെള്ളം, ഉപ്പ്, കുട്ടികൾക്കുള്ള പോഷകാഹാരം മുതലായ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് വിതരണം ചെയ്യുന്ന ഏതാനം മരുന്നുകളെയും, മെഡിക്കൽ ഉപകരണങ്ങളെയും ഈ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ഒമാനിൽ ഇന്ധനവിലയിലും 5% മൂല്യവർദ്ധിത നികുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ സേവനമേഖലയിലും VAT ബാധകമാണ്. രാജ്യത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങളെ 5% മൂല്യവർദ്ധിത നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വാണിജ്യ, വ്യാവസായിക കെട്ടിടങ്ങൾ, ഹോട്ടൽ അപർട്മെന്റുകൾ മുതലായവയ്ക്ക് 5% VAT ബാധകമാണ്.