COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന് അർഹതയുള്ള രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാരും, പ്രവാസികളും കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദി ആഹ്വാനം ചെയ്തു. രാജ്യത്ത് COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹ സുരക്ഷ മുൻനിർത്തി ഇക്കാര്യം വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം പൂർത്തിയാക്കിയ, പതിനെട്ട് വയസ്സും, അതിനുമുകളിലും പ്രായമുള്ള, മുഴുവൻ പേർക്കും മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഡിസംബർ 13, തിങ്കളാഴ്ച്ച മുതൽ ആരംഭിച്ചിരുന്നു.
വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 86 ശതമാനം പേർക്കും രണ്ട് ഡോസ് കുത്തിവെപ്പ് നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കരുതെന്നും, ആരോഗ്യ സുരക്ഷയ്ക്ക് വാക്സിൻ സ്വീകരിക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു.
ഒമാനിൽ 12 പേർക്ക് COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം സംശയിക്കുന്നതായി ഡിസംബർ 14-ന് ഒമാൻ ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രണ്ട് ഒമാൻ പൗരന്മാരിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഡിസംബർ 13-ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
രാജ്യത്ത് 12 പേരിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി അറിയിച്ച അദ്ദേഹം സമൂഹത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും, ഈ വകഭേദം കൂടുതൽ അപകടകാരിയാണെന്നതിന് നിലവിൽ സ്ഥിരീകരണം ഇല്ലെന്നും വ്യക്തമാക്കി. നിലവിൽ രാജ്യത്ത് COVID-19 രോഗബാധിതരുടെ എണ്ണം കൂടുന്നത് ഒമിക്രോൺ വകഭേദം മൂലമല്ലെന്നും, ജനങ്ങൾ മുൻകരുതൽ നിർദ്ദേശങ്ങളിൽ വരുത്തുന്ന വീഴ്ച്ചകൾ മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാനും, വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.