ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഒമാനും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2020 ഡിസംബർ 27 വരെ നീട്ടാൻ ധാരണയായതായി സൂചന. ഒമാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഒക്ടോബർ 1 മുതലാണ് ഇരു രാജ്യങ്ങളും തമ്മിൽ ‘എയർ ബബിൾ’ കരാറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചത്. ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ നവംബർ 30 വരെ ഈ ധാരണയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തിവരുന്നുണ്ട്. ഈ കാലാവധിയാണ് ഇപ്പോൾ ഡിസംബർ 27 വരെ നീട്ടാൻ ധാരണയായതായി സൂചന ലഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾക്കുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് ഈ തീരുമാനമെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിന് ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യ-ഒമാൻ എയർ ബബിൾ കരാർ നീട്ടുന്നത് യാത്രികർക്ക് ഏറെ പ്രയോജനകരമാകുന്നതാണ്.
ഈ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ വിമാനകമ്പനികൾ ഉൾപ്പടെ സേവനങ്ങൾ നടത്തിയിരുന്നെങ്കിലും, നവംബർ 9 മുതൽ വ്യോമയാന സേവനങ്ങൾ നടത്തുന്നതിനുള്ള അനുമതി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഒമാൻ എയർ, സലാം എയർ എന്നീ വിമാനകമ്പനികൾക്ക് മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.നിലവിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഓരോ ആഴ്ച്ചയിലും വഹിക്കാവുന്ന പരമാവധി യാത്രികരുടെ എണ്ണം 10000-ത്തിൽ നിന്ന് 5000-മാക്കി കുറച്ചിട്ടുണ്ട്. ഒമാനിലേക്കുള്ള യാത്രികരിൽ ഏതാനം പേർക്ക് COVID-19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഒമാൻ അധികൃതർ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ‘എയർ ബബിൾ’ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രകളിൽ ഒമാൻ പൗരന്മാർക്കും, സാധുതയുള്ള ഒമാൻ റെസിഡൻസി വിസയുള്ള ഇന്ത്യൻ പൗരന്മാർക്കുമാണ് യാത്രാനുമതി നൽകുന്നത്. ഒമാനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുള്ള ഒമാൻ പാസ്സ്‌പോർട്ട് ഉള്ളവർ, ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ഒമാൻ പൗരന്മാർ (നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ) എന്നിവർക്കാണ് ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകളിൽ യാത്രാനുമതി നൽകിയിട്ടുള്ളത്.