ഒമാൻ: സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കുള്ള COVID-19 സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി

GCC News

ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനായുള്ള COVID-19 സുരക്ഷാ നിബന്ധനകൾ മാനവവിഭവശേഷി മന്ത്രാലയം ഞായറാഴ്ച്ച പുറത്തിറക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ്, ‘167/2020’-ൽ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസ്സർ ബിൻ അബ്ദുള്ള അൽ-ബക്രി ഒപ്പ് വെച്ചു. ഈ ഉത്തരവ് പ്രകാരം ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.

COVID-19 സുരക്ഷാ നിബന്ധനകളിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ 100 മുതൽ 500 ഒമാനി റിയാൽ വരെ പിഴ ചുമത്താവുന്ന വിവിധ വീഴ്ചകൾ സംബന്ധിച്ച വിവരങ്ങളും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.

  • സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലിടങ്ങളിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും സമൂഹ അകലം സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കണം. ഇവയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ ചുമത്തും.
  • തൊഴിലിടങ്ങളിലും, ജീവനക്കാരുടെ യാത്രാ സംവിധാനങ്ങളിലും മാസ്കുകൾ ഉപയോഗിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ ചുമത്തും.
  • തൊഴിലിടങ്ങളിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും സാനിറ്റൈസറുകൾ നൽകിയില്ലെങ്കിൽ 100 റിയാൽ പിഴ.
  • തൊഴിലിടങ്ങളിൽ വിവിധ ഭാഷകളിൽ കൊറോണ വൈറസ് ബോധവത്കരണ പോസ്റ്ററുകൾ പതിച്ചില്ലെങ്കിൽ 100 റിയാൽ പിഴ.
  • പണിയായുധങ്ങൾ, ഉപകരണങ്ങൾ എന്നിവ അണുവിമുക്തമാക്കിയില്ലെങ്കിൽ 100 റിയാൽ പിഴ.
  • വൈറസ് ബാധ തടയുന്നത് സംബന്ധിച്ച വിവരങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനം നൽകിയില്ലെങ്കിൽ 100 റിയാൽ പിഴ.
  • ദിനവും ജീവനക്കാരുടെ ശരീരോഷ്മാവ് രേഖപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • COVID-19 നേരിടുന്നത് സംബന്ധിച്ച് സ്ഥാപനം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയില്ലെങ്കിൽ 300 റിയാൽ പിഴ.
  • കൊറോണ വൈറസ് ബാധ സംശയിക്കുന്ന തൊഴിലാളികളുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് 500 റിയാൽ പിഴ.
  • തൊഴിലാളികളുടെ താമസയിടങ്ങളിൽ സന്ദർശകരെയും, തൊഴിലാളികളെയും നിരീക്ഷിക്കുന്നതിനും, അവർ വരുന്നതും പോകുന്നതും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും സെക്യൂരിറ്റി ജീവനക്കാരെ ഏർപെടുത്തിയില്ലെങ്കിൽ 500 റിയാൽ പിഴ.