ഒമാൻ: രാജ്യത്തെ ഹോട്ടലുകളിൽ നടപ്പിലാക്കുന്നതിനുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ടൂറിസം മന്ത്രാലയം പുറത്തിറക്കി

Oman

സമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി രാജ്യത്തെ മുഴുവൻ ഹോട്ടലുകളിലും നടപ്പിലാക്കേണ്ട പ്രതിരോധ മാനദണ്ഡങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുറത്തിറക്കി. ഹോട്ടലുകളിലെത്തുന്ന അതിഥികളുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് മന്ത്രാലയം ഈ നിർദ്ദേശങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്.

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ള വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷമാണ് മന്ത്രാലയം ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്. മന്ത്രാലയം ഇത് സംബന്ധിച്ച ഒരു പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

ഒമാനിലുടനീളമുള്ള ഹോട്ടലുകളിൽ നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ:

  • COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് 100 ശതമാനം ഹോട്ടൽ മുറികളും പ്രവർത്തിപ്പിക്കാവുന്നതാണ്.
  • ഹോട്ടലുകളിലെ സൽക്കാര ഹാളുകൾ, കോൺഫറെൻസ് ഹാളുകൾ എന്നിവയിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേരെ ഉൾക്കൊള്ളിക്കാവുന്നതാണ്.
  • ഹോട്ടലുകളിൽ സുരക്ഷാ മുൻകരുതലുകളോടെ, അതിഥികൾക്കായി വിനോദ പരിപാടികളും, കായിക വിനോദങ്ങളും ഏർപ്പെടുത്താവുന്നതാണ്.
  • ബുഫെ സംവിധാനത്തിലുള്ള ഭക്ഷണ വിതരണം പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ കൃത്യമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെ മാത്രമേ നടപ്പിലാക്കാവൂ. ഭക്ഷണം വിളമ്പുന്നതിനും, എടുക്കുന്നതിനുമായി ഉപയോഗിക്കുന്ന പാത്രങ്ങൾ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.

മുഴുവൻ ഹോട്ടലുകളിലും ഈ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും, വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.