ഒമാൻ: സ്വകാര്യ തൊഴിലിടങ്ങളിലെ പിഴ, ശിക്ഷാ നടപടികൾ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ

Oman

രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് ബാധകമാകുന്ന പിഴ, ശിക്ഷാ നടപടികൾ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. 2024 ഒക്ടോബർ 20-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/Labour_OMAN/status/1847967544205885942

ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘618/2024’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബാധകമാകുന്ന പിഴ, ശിക്ഷാ നടപടികൾ എന്നിവ മന്ത്രാലയം നിഷ്കർഷിക്കുന്ന നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിച്ചിട്ടുണ്ട്.

ഉത്തരവ് ’53/2023’ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായാണ് മന്ത്രാലയം ഈ പുതിയ നിബന്ധനകൾ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ തൊഴിലിടങ്ങൾ നീതിപൂർവ്വമായവയാണെന്ന് ഉറപ്പാക്കുന്നതിനായാണിത്.

ഈ ഉത്തരവിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം ഒമാനിലെ ഇരുപത്തഞ്ചോ, അതിലധികമോ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ പിഴ, ശിക്ഷാ നടപടികൾ എന്നിവയുടെ സമഗ്രമായ പട്ടിക, ഓരോ ശിക്ഷാ നടപടികളും ചുമത്തുന്നതിന്റെ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി തയ്യാറാക്കിയിരിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിന്നിരുന്ന മുൻ വ്യവസ്ഥകളെല്ലാം റദ്ദ് ചെയ്യുന്നതായി ഈ ഉത്തരവിലെ ആർട്ടിക്കിൾ രണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതിയോടെ തൊഴിലുടമകൾക്ക് ആവശ്യമെങ്കിൽ പുതിയ ശിക്ഷാനടപടികൾ, പിഴ എന്നിവ കൂട്ടിച്ചേർക്കാവുന്നതാണ്. ഈ നിർദ്ദേശങ്ങൾക്ക് വിധേയമായി ഈ ശിക്ഷാനടപടികൾ, പിഴ എന്നിവ നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്വം തൊഴിലുടമകൾ, അല്ലെങ്കിൽ അവരുടെ നിയമപരമായ പ്രതിനിധികൾ എന്നിവർക്കായിരിക്കും.

മുൻ‌കൂർ നോട്ടീസ് കൂടാതെയോ, തൊഴിലാളികൾക്ക് തങ്ങളുടെ വശം ബോധിപ്പിക്കുന്നതിന് അവസരം നൽകാതെയോ ശിക്ഷാ നടപടികൾ സ്വീകരിക്കാനാകുന്നതല്ല.